Home / Archive for ജൂൺ 2011
ഷിബ്ന വായനാമത്സരത്തില്‍...
ഷിബ്നയെ ഓര്‍മയില്ലേ? ഷിബ്ന ഷെറിന്..
പ്രവേശനോത്സവദിനത്തില്‍ എല്ലാവര്ക്കും മുമ്പാകെ ആദ്യത്തെ കുട്ടിയെ പരിചയപ്പെടുത്തിയ ഷിബ്ന,
വായനാദിനത്തില്‍ എല്ലാവര്ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഷിബ്ന,
പത്രക്വിസ്സില്‍ മുന്നിലെത്തിയ ഷിബ്ന..
ആലങ്കോട് സ്കൂളിലെ നാലാം ക്ലാസ്സുകാരിയായ
ഈ കൊച്ചു മിടുക്കിക്കാണ് ജി എല്‍ പി എസ്
ചിയ്യാന്നൂരില്‍ വച്ച് നടന്ന പഞ്ചായത്തു തല
വായനാമത്സരത്തില്‍ രണ്ടാം സമ്മാനം.
പത്തു പുസ്തകങ്ങളും വാക്കും
വായനദിന പ്രതിജ്ഞ ഷിബ്ന ഷെറിന് ചൊല്ലിക്കൊടുക്കുന്നു |
വെറുതേ വായനാവാരം ഉദ്ഘാടനം ചെയ്ത് ഒരു പ്രസംഗവും കാച്ചി അങ്ങു പോവുകയല്ല ആലങ്കോട് ബാബു ചെയ്തത്. പ്രാദേശിക കവിയായ അദ്ദേഹം സ്കൂള്‍ ലൈബ്രറിക്കായി തന്റെതടക്കം 10 പുസ്തകങ്ങള്‍ സംഭാവന ചെയ്തതിലൂടെ വായനാദിനത്തിന്റെ സന്ദേശം കൃത്യമായി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്കി.
പുതിയ പ്രധാന അദ്ധ്യാപികശ്രീമതി വി കെ ബിന്ദുമോള്‍ എല്ലാവരെയും വായനാ വാരത്തിലേക്ക് സ്വാഗതം ചെയ്തു. അധ്യക്ഷ പദവി ഏറ്റെടുത്ത് എപ്പോഴത്തെയും പോലെ പരിപാടി ഭംഗിയായി നടത്താന്‍ കൃഷ്ണന് നായര്‍ മുമ്പിലുണ്ടായിരുന്നു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.
പിന്നീടായിരുന്നു ഉദ്ഘാടനം. ഒരു നല്ല വായനക്കാരനേ ഒരു നല്ല എഴുത്തുകാരനും പ്രാസംഗികനും ആകാന്‍ കഴിയൂ എന്ന് പറഞ്ഞ ശ്രീ ആലങ്കോട് ബാബു നാവിനു വഴങ്ങാത്ത രണ്ടുമൂന്നു വരികള്‍ തെറ്റാതെ നിഷ്പ്രയാസം പറഞ്ഞ് കുട്ടികളെ അത്ഭുദചകിതരാക്കി.
വേദിയില്‍ എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു പ്രിയപ്പെട്ട മുന്‍ പ്രധാനഅദ്ധ്യാപകന്‍ നമ്പൂതിരി മാഷ്. മാഷ് പറഞ്ഞു തുടങ്ങി:"പണ്ടൊക്കെ പുതിയ പാഠപുസ്തകം കിട്ടിയാല്‍ ആദ്യം എല്ലാ പദ്യങ്ങളും ഞാന്‍ കാണാപ്പാഠം പഠിക്കും. എന്നിട്ട് അച്ഛനമ്മമാരുടെയും ചേച്ചിമാരുടെയും ഏട്ടന്മാരുടെയും പിന്നാലെ നടന്ന് അത് തെറ്റാതെ ചൊല്ലിക്കേള്പ്പിക്കലായി. നിങ്ങളൊക്കെ പുതിയ പുസ്തകം കിട്ടിയാല്‍ എന്താ ചെയ്യുക?"
മാഷിപ്പഴും പഴയ മാഷ് തന്നെ, കുട്ടികളൊക്കെ സാകൂതം കേട്ടുകൊണ്ടിരിക്കുന്നു..
ഇനിയാണ് പൂര്‍വവിദ്യാര്‍ഥിനി ശ്രീനിധിയുടെ ആശംസ പ്രസംഗം. ഒട്ടു പഴക്കമില്ലാത്ത ഓര്‍മ്മകള്‍ ശ്രീനിധി പങ്കു വച്ചു. ഇവിടെ നിന്നും വായിച്ച പുസ്തകങ്ങള്‍, കുഞ്ഞുണ്ണി മാഷുടെ കവിതകള്‍ .. അങ്ങനെയങ്ങനെ.
ഇനി ഞാനൊരു കൊച്ചു കവിത ചൊല്ലിത്തരാം.
അഞ്ചാം വയസ്സിലീ അമ്പല ഭൂവില്‍
മുന്നില്‍ നിരന്ന മധുരപ്പൊതികള്‍
വാക്കു നിറഞ്ഞൊരു ചാക്കായിരുന്നു
പിന്നെ ഞാന്‍ കണ്ടുവാ ചൂരല്‍ കഷായം
തന്ന മധുരവും വാക്കായിരുന്നു
പോക്കു വെയിലിലാ കൊന്ന മേലാരോ
തൂക്കിയ പൂക്കളും വാക്കായിരുന്നു
പിന്നെ ഞാന്‍ കണ്ടുവെന്‍ മുന്നില്‍ വഴിയും
പിന്നില്‍ നിഴലുമെന്‍ കണ്ണില്‍ ചിരിയും
ചുണ്ടില്‍ ജലവുമെന് കയ്യില്‍ വിളക്കും
എന്നുമെന്‍ ചാക്കിലെ വാക്കായിരുന്നു"
വായനാദിനത്തില്‍ നല്ലൊരു കവിത കേട്ട സന്തോഷത്തില്‍ കുട്ടികള്‍.
12 വര്‍ഷങ്ങളായി എല്ലാ കാര്യത്തിനും സ്കൂളിനൊപ്പമുള്ള രവിയേട്ടന് കുട്ടികളോട് കുട്ടിക്കുട്ടി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്. എന്നാണ് വായനാദിനം, ആരുടെ ഓര്‍മയുമായി ബന്ധപെട്ടാണ് ഇതാചരിക്കുന്നത്..
സുശീല ടീച്ചര്‍ നന്ദി പറഞ്ഞതോടെ വായനാ ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിനു തിരശ്ശീല വീണു.
ജൂണ്‍ 9, വ്യാഴം.
രാവിലെ ബിന്ഷാദിന്റെയും ദില്‍ഷാദിന്റെയും ഉമ്മ ടീച്ചറെ വിളിച്ചു ചോദിക്കുന്നു :" ഇന്ന് ചോറു വേണ്ട എന്ന് രണ്ടാളും പറയുന്നു.ശരിയാണോ ടീച്ചറെ? ഇന്ന് സ്കൂളില്‍ ചോറുണ്ടോ?"
ഉണ്ട്. ഉച്ച ഭക്ഷണ പരിപാടി തുടങ്ങി.
ഉച്ച.
സാമ്പാറിന്റെ മണം മാറിത്തുടങ്ങുമ്പോഴേക്കും രക്ഷിതാക്കള്‍ എത്തിത്തുടങ്ങി.
ഇന്ന് PTA മീറ്റിംഗ് ഉണ്ട്, സൗജന്യ യൂണിഫോം വിതരണമുണ്ട്, മഴക്കാല രോഗങ്ങളെപ്പറ്റി ക്ലാസ്സുണ്ട്.
രണ്ടു മണിക്ക് തന്നെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാനവാസ് വട്ടത്തൂര്‍ എത്തിച്ചേര്‍ന്നു.ആലങ്കോട്ടെ മോഹനേട്ടന് സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി നല്കുന്ന യൂണിഫോമുകളുടെ വിതരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. മോഹനേട്ടന്റെ അമ്മ ശ്രീമതി ജാനകിയമ്മയാണ് വിതരണം ചെയ്തത്.
പുതിയ School Management Committee (SMC) രൂപീകരണമായിരുന്നു അടുത്ത പരിപാടി. ഭാരവാഹികളായി സി കെ സുരേഷ് ബാബു, കെ ഗിരീഷ് കുമാര്‍, മിനി, ബീന, അനിത, ഖൈറുന്നിസ,രവീന്ദ്രനാഥ്, പി പ്രിയ, ശിവശങ്കരന്, എം വി രവീന്ദ്രന്, ശിവശങ്കരന് മാസ്റര്‍, ടി കൃഷ്ണന് നായര്‍, കുഞ്ഞപ്പ, പി വിജയന്, സി വിജയലക്ഷ്മി, കെ വി മൊയ്തു, ടി വി രാമചന്ദ്രന്, അറുമുഖന്, അഷറഫ് സി വി, പി പി മുഹമ്മദ്, സി കെ കൃഷ്ണന്, എം ഉണ്ണികൃഷ്ണന്, ടി പി അബ്ദു, രതീഷ്കുമാര്‍ കെ, കാദര്‍ കെ വി, അഹമ്മദ് പി, സുമതി, സുബൈദ, ദേവി,രമ്യ, ഷഹീന, റഫീഖ, ഫാത്തിമ, സീനത്ത്, ഫൗസിയ, സുഹറ, മുനീറ, സ്മിത, നജില, ഷിബ്ന, മില്‍ഷ, രോഹിത്, ഷബീബ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.
"ആരും പോകരുത്. നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ രാജീവ് ഇപ്പോള്‍ നമുക്ക് മഴക്കാലത്ത് സാധാരണയായി കണ്ടു വരുന്ന രോഗങ്ങളെ പറ്റിയും, എടുക്കേണ്ട മുന്‍കരുതലുകളെ പറ്റിയും പറഞ്ഞു തരും.."
ഞങ്ങളുടെ മാങ്ങയോ അവരുടെ ചക്കയോ?
"ഞങ്ങടെ മാവിലെ മാങ്ങയാ അവരുടെ പ്ലാവിലെ ചക്കയാ ടീച്ചറേ ആദ്യമുണ്ടാവ്വാ?"
"നമുക്കേ, കാത്തിരുന്നു കാണാം ട്ടോ. പക്ഷെ അതു വരെയും നിങ്ങടെ മാവിനെ നന്നായി നോക്കണം. നോക്കില്ലേ?"
സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷങ്ങള്‍ നടന്നുവരികയാണ്.
ഓരോ ക്ലാസ്സും ഓരോ തൈകള്‍ നട്ട് സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞു. അതിന്റെ ഉത്സാഹമാണ് കേള്‍ക്കുന്നത്.
നാലാം ക്ലാസ്സുകാര്‍ മാവ്, മൂന്നാം ക്ലാസ്സുകാര്‍ ബദാം, രണ്ടാം ക്ലാസ്സുകാര്‍ പ്ലാവ്, ഒന്നാം ക്ലാസ്സുകാര്‍ മുട്ടപ്പഴം.
എങ്ങനെയൊക്കെ ഞങ്ങളുടെ മരത്തെ നോക്കും എന്നറിയാതെ നില്‍ക്കുകയാണ് ഇവര്‍. എത്രയും വേഗം മഴക്കാലം തീര്‍ന്നു പോയെങ്കില്‍ എനിക്കെന്റെ ചെടിയെ നനക്കാമായിരുന്നെന്ന്..
ജൂണ്‍ 4 , ശനിയാഴ്ച. അന്നേ തുടങ്ങിയിരുന്നു പരിസ്ഥിതി ദിനാഘോഷങ്ങള്‍. എല്ലാവരും നിലത്തു ചമ്രം പടിഞ്ഞിരുന്നും കിടന്നും തങ്ങള്‍ക്കറിയുന്ന പരിസ്ഥിതിയെ വരച്ചു, നിറം കൊടുത്തു, അടിക്കുറിപ്പുകളെഴുതി..
ജൂണ്‍ 5 ഞായറാഴ്ച ആയിരുന്നല്ലോ. 6നു രാവിലെ ശിവശങ്കരന് മാഷാണ് വൃക്ഷത്തൈ നട്ടു കൊണ്ട് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇക്കൊല്ലവുംആദ്യത്തെ റാലി പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തന്നെ..
"അരുതേ അരുതേ ചങ്ങാതികളെ അരുമ മരങ്ങള്‍ മുറിക്കരുതെ..." |
ഈ കൂട്ടായ്മ എന്നും നമുക്ക് തണല്‍ നല്കട്ടെ
ഈ സംരക്ഷണം എന്നുമുണ്ടാവട്ടെ, നമുക്ക് ചക്കയും മാങ്ങയും കിട്ടുന്നതിലുമപ്പുറം..
പ്രണവ് കൃഷ്ണ, വാസുദേവന്‍ നമ്പൂതിരി, കിരണ്‍, ഫബിന, പ്രണവ്, ആദില നസറിന്, വൈശാഖ്, അന്‍ഷിദ, അര്ജുന്, അര്‍ഷാദ്, ശ്രേയ, ഷംന, ദില്‍ഷാദ്
ഒന്ന് കൂടി ഉറക്കെ പറയട്ടെ :
"പ്രണവ് കൃഷ്ണ, വാസുദേവന്‍ നമ്പൂതിരി, കിരണ്‍, ഫബിന, പ്രണവ്, ആദില നസറിന്, വൈശാഖ്, അന്‍ഷിദ, അര്ജുന്, അര്‍ഷാദ്, ശ്രേയ, ഷംന, ദില്‍ഷാദ് .."
അതെ! ഈ ദിവസം, അതായത് പള്ളിക്കൂടം തുറക്കുന്ന ഈ ജൂണ്‍ ഒന്നിന് ഇവര്‍ ഓരോരുത്തരുമായിരുന്നു ഇവിടത്തെ തലക്കെട്ട്, ശ്രദ്ധാകേന്ദ്രം.
ലളിതമായ ഇത്തിരി ഒത്തിരി പുതുമകളോടെയായിരുന്നു ആലങ്കോട് സ്കൂളിന്റെ ഇത്തവണത്തെ പ്രവേശനോത്സവം.
വര്‍ണക്കടലാസുകള്‍ കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ച സ്കൂള്‍ ഹാളില്‍ ആദ്യം സ്വാഗതഗാനം, അതു കഴിഞ്ഞ് PTA, MTA, WELFARE COMMITTEE അംഗങ്ങളൊരുമിച്ച യോഗം നടക്കുന്നു..
ഇതിനിടയില്‍ അമ്മമാരുടെ വിരലില്‍ തൂങ്ങി പുതിയ കുരുന്നുകളും അത്രയും എണ്ണം മുതിര്‍ന്ന കുട്ടികളും വേദിക്കരികിലുള്ള വരാന്തയിലെത്തി. അമ്മമാരില്‍ നിന്ന് ആ കുഞ്ഞിക്കൈകള്‍ ചേച്ചിമാരും ചേട്ടന്മാരും ഏറ്റു വാങ്ങുന്നു.
"പുതിയ കുട്ടികള്‍ കടന്നുവരട്ടെ" വേദിയില്‍ നിന്നും അറിയിപ്പ്.
പുതിയോരാളെയും കൊണ്ട് അതാ നാലാം ക്ലാസ്സുകാരി ഷിബ്ന വേദിയിലേക്ക്. മൈക്കിനു മുമ്പില്‍ ഷിബ്ന: "എന്റെ പേര് ഷിബ്ന ഷെറിന്, ഇത് ഷംന. ഷംനയെ നമ്മുടെ സ്കൂളിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു".
റോസ് നിറത്തിലുള്ള വലിയൊരു ബലൂണ്‍ ഷംനക്ക് സമ്മാനിച്ച് ചേച്ചി വേദിയൊഴിഞ്ഞു.
ബലൂണ്‍ രണ്ടു കൈ കൊണ്ടും വാങ്ങി, കുഞ്ഞു ഷംന ഉമ്മയെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു:
"എന്റെ പേര് ഷംന..".
'ഒന്നാം ക്ലാസ്സിലെ അമ്മ'മാരെല്ലാരും ഉറക്കെ കയ്യടിച്ചു.
ആരാ അടുത്തത്?...
ഉച്ചക്ക് മിഠായിക്കടലാസുകള്‍ കൊണ്ടുണ്ടാക്കിയ പാവകളുമായി അവര്‍ പിന്നാക്കം തിരിഞ്ഞു നോക്കി, തിരിഞ്ഞു നോക്കി നടന്നു പോയി
വര്‍ണക്കടലാസുകള്‍ കൊണ്ടും കുരുത്തോല കൊണ്ടും അലങ്കരിച്ച സ്കൂള്‍ ഹാളില്‍ ആദ്യം സ്വാഗതഗാനം, അതു കഴിഞ്ഞ് PTA, MTA, WELFARE COMMITTEE അംഗങ്ങളൊരുമിച്ച യോഗം നടക്കുന്നു..
ഇതിനിടയില്‍ അമ്മമാരുടെ വിരലില്‍ തൂങ്ങി പുതിയ കുരുന്നുകളും അത്രയും എണ്ണം മുതിര്‍ന്ന കുട്ടികളും വേദിക്കരികിലുള്ള വരാന്തയിലെത്തി. അമ്മമാരില്‍ നിന്ന് ആ കുഞ്ഞിക്കൈകള്‍ ചേച്ചിമാരും ചേട്ടന്മാരും ഏറ്റു വാങ്ങുന്നു.
"പുതിയ കുട്ടികള്‍ കടന്നുവരട്ടെ" വേദിയില്‍ നിന്നും അറിയിപ്പ്.
പുതിയോരാളെയും കൊണ്ട് അതാ നാലാം ക്ലാസ്സുകാരി ഷിബ്ന വേദിയിലേക്ക്. മൈക്കിനു മുമ്പില്‍ ഷിബ്ന: "എന്റെ പേര് ഷിബ്ന ഷെറിന്, ഇത് ഷംന. ഷംനയെ നമ്മുടെ സ്കൂളിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു".
റോസ് നിറത്തിലുള്ള വലിയൊരു ബലൂണ്‍ ഷംനക്ക് സമ്മാനിച്ച് ചേച്ചി വേദിയൊഴിഞ്ഞു.
ബലൂണ്‍ രണ്ടു കൈ കൊണ്ടും വാങ്ങി, കുഞ്ഞു ഷംന ഉമ്മയെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു:
"എന്റെ പേര് ഷംന..".
'ഒന്നാം ക്ലാസ്സിലെ അമ്മ'മാരെല്ലാരും ഉറക്കെ കയ്യടിച്ചു.
ആരാ അടുത്തത്?...
ഉച്ചക്ക് മിഠായിക്കടലാസുകള്‍ കൊണ്ടുണ്ടാക്കിയ പാവകളുമായി അവര്‍ പിന്നാക്കം തിരിഞ്ഞു നോക്കി, തിരിഞ്ഞു നോക്കി നടന്നു പോയി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍
(
Atom
)
കാഴ്ചക്കാര്‍ ഇതു വരെ
copyright@glpsalancode. Blogger പിന്തുണയോടെ.
തിരയൂ

- ജി എല്‍ പി സ്കൂള്‍ ആലങ്കോട്
- എടപ്പാള്‍ ഉപജില്ല തിരൂര്‍ വിദ്യാഭ്യാസ ജില്ല മലപ്പുറം